ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിൽ കൂറ്റൻ മരം കടപുഴകി വീണ് ഒന്‍പതോളം കടകൾക്ക് നാശനഷ്ടം. ഇന്നലെ പുലർച്ചെ ഒന്നോടെ റസ്റ്റ് ഹൗസിന് സമീപത്തെ ഫുഡ് കോര്‍ട്ട് പ്രവർത്തിക്കുന്ന ഭാഗത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്.
പി.യു ഷക്കീര്‍, ഖയസ്, ജാഫര്‍ എന്നിവരുടെ കടകള്‍ പൂര്‍ണമായും ജയപ്രകാശ് പ്രഭു, ലത്തീഫ്, സുധീര്‍, സാജി, സുബൈര്‍, ഷഹബാസ് എന്നിവരുടെ കടകള്‍ ഭാഗികമായും തകര്‍ന്നു. കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കടകള്‍ ഇവര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്. മൂന്ന് കട1കള്‍ വസ്ത്ര വില്പന ശാലയായും ബാക്കിയുള്ളവ ശീതള പാനീയ വില്പന ശാലയുമാണ്.
ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരം വീഴുന്ന സമയത്ത് ഒരു കടയില്‍ ജീവനക്കാരന് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി.
വൈകുന്നരേങ്ങളിലടക്കം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറ്. മരം വീണ് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണവും തടസപ്പെട്ടു. അഭിഭാഗം ദ്രവിച്ച മരം വെട്ടി നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവിടത്തെ കച്ചവടക്കാര്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.